Tuesday, April 20, 2010
HUMAN CLONING BOOK REVIEW
Title : Cloning:
Dolliyil Ninnum
Manushyanilethumpol
Author : N. S. Arun Kumar
Pages : 158 (Paperback)
Publishers : DC Books, Kerala.
Price : Rs 75/-
ISBN : 978-81-264-2073-5
പുരാണങ്ങളില് രക്തബീജനെപ്പോലെയുള്ള പല അസാധാരണ ജന്മങ്ങളെക്കുറിച്ചുള്ള നിരവധി പരാമര്‍ശങ്ങള് നമ്മള് കണ്ടിട്ടുണ്ട്. ഓരോ തുള്ളി ചോരയില് നിന്നും ഉടലെടുക്കുന്ന പുതുജന്മങ്ങളെ അസംഭവ്യമായ ഒരു ഭാവനയായി മാത്രമാണു നമ്മള് കണ്ടിരുന്നത്. അമ്മയുടെ ഗര്‍ഭപാത്രത്തിനു പുറത്ത് കുഞ്ഞു പിറക്കുമെന്നുതന്നെ നമ്മള് കരുതിയതല്ല. എന്നാല് ആ ധാരണകളെല്ലാം മാറ്റാന് നമ്മള് നിര്‍ബന്ധിതരായിത്തീര്‍ന്നു. ഓരോ തുള്ളി ചോരയില് നിന്നല്ല, ഓരോ ജീവകോശത്തില് നിന്നു പോലും ഒരു പുതിയ ജീവന് പിറക്കാമെന്ന് ശാസ്‌ത്രം കണ്ടെത്തി. അതു പ്രാവര്‍ത്തികമാക്കുകയും ചെയ്‌തു. ക്ലോണിങ്ങിന്റെ ചരിത്രം അതാണ്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നമ്മുടെ പത്രത്താളുകളിലും മാധ്യമവാര്‍ത്തകളിലും ഒരുപാട് സ്ഥലം അപഹരിച്ച ഒരു വിഷയമാണ് ക്ലോണിങ്. ഇഗ്ലീഷില് ഇതു സംബന്ധിച്ച നിരവധി പുസ്‌തകങ്ങളുണ്ടായിട്ടുണ്ട്. ഇന്റര്‍നെറ്റിലും ഇതു സംബന്ധിച്ച വിവരങ്ങള് ലഭ്യമാണ്. എങ്കില്‍പ്പോലും ശരാശരി മലയാളിക്ക് അത് വ്യക്തമാകണമെങ്കില് മലയാളത്തില് അതിനെക്കുറിച്ച് ഗ്രന്ഥമുണ്ടാകണം. പക്ഷേ അടുത്തകാലം വരെ അത്തരം ഒരു ഗ്രന്ഥരചനയ്‌ക്ക് ആരും മുതിര്‍ന്നു കണ്ടില്ല. കുറേ വൈകിയിട്ടാണെങ്കിലും ഇതു സംബന്ധിച്ചുള്ള ശ്രദ്ധേയമായ ഒരു ഗ്രന്ഥം ഡി.സി.ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നു: `ക്ലോണിങ്-ഡോളിയില് നിന്ന് മനുഷ്യനിലെത്തുമ്പോള്'. ശ്രദ്ധേയനായ ശാസ്‌ത്രലേഖകന് എന്.എസ്. അരുണ്‍കുമാറാണ് ഗ്രന്ഥകര്‍ത്താവ്.
(ഗ്രന്ഥാലോകം ഡിസംബര് 2008)
എന്.എസ്. അരുണ്‍കുമാറിന്റെ പുസ്‌തകത്തില് ക്ലോണിങ്ങ് എന്ന സാങ്കേതിക വിദ്യയുടെ ഏറെക്കുറെ സമ്പൂര്‍ണ്ണമായ ചരിത്രം പ്രതിപാദിച്ചിരിക്കുന്നു. സസ്യശാസ്‌ത്രത്തിലും ജന്തുശാസ്‌ത്രത്തിലും ഇതിന്റെ പ്രായോഗികത തിരിച്ചറിഞ്ഞുകഴിഞ്ഞു. അടുത്തമേഖല മനുഷ്യശാസ്‌ത്രമാണ്. മനുഷ്യനെ ക്ലോണ് ചെയ്യുന്നതിന് സാങ്കേതികവും ധാര്‍മ്മികവുമായ തടസ്സങ്ങളുമുണ്ട്. എന്നാല്, ചികിത്സാപരക്ലോണിങ്ങ് (Therapeutic Cloning) തത്ത്വത്തില് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. രോഗബാധിതമായ ശരീരകലകളെ മുറിച്ചുനീക്കി, പുതിയവയെ ക്ലോണ് ചെയ്‌ത് പിടിപ്പിക്കാമെന്ന് പ്രത്യാശ. കാര്‍പ്പ് എന്ന ഇനത്തില്‍പ്പെട്ട മത്സ്യമാണ് പുതിയ തന്ത്രം ഉപയോഗിച്ച് 1963-ല് സൃഷ്‌ടിക്കപ്പെട്ട ആദ്യജീവി. ഡോളിയുടെ പിറവിക്ക് ഒരു വര്‍ഷം മുന്‍പ് റോസ്‌ലിന് ഇന്‍സ്റ്റിറ്റിയൂട്ടുകാര് രണ്ട് ചെമ്മരിയാടുകളെ ക്ലോണ് ചെയ്‌തെടുത്തു. കഷ്‌ടിച്ച് ഒരു വര്‍ഷമേ ഇവ ജീവിച്ചുള്ളൂ. 1986-ല് ഒരു ചുണ്ടെലിയും ക്ലോണ് ചെയ്യപ്പെട്ടു. കാള, പശു, പന്നി, പൂച്ച, കുതിര, കുരങ്ങ്, മുയല് തുടങ്ങിയ നാനാതരം സസ്‌തനികള് ഇതിനകം സൃഷ്‌ടിക്കപ്പെട്ടിട്ടുണ്ട്. അയ്യായിരം ബി.സിയില് ആരംഭിക്കുന്ന, ക്ലോണിങ്ങിന്റെ ചരിത്രത്തെ അതീവതന്മയത്വത്തോടെ അവതരിപ്പിക്കുന്നതിനു പുറമേ, ക്ലോണിങ്ങ് സാങ്കേതികവിദ്യയുടെ ബഹുവിധ വാഗ്‌ദാനങ്ങളെപ്പറ്റിയും മനുഷ്യക്ലോണിങ്ങിലടങ്ങിയിട്ടുള്ള ശാസ്‌ത്രീയവും ധാര്‍മ്മികവുമായ പ്രശ്‌നങ്ങളെപ്പറ്റിയും ഗ്രന്ഥകാരന് ചര്‍ച്ച ചെയ്യുന്നു.
(മലയാളം 6 ഫെബ്രുവരി 2009)
ജീവശാസ്‌ത്രപുസ്‌തകങ്ങള്‍ക്കു പ്രാധാന്യമുണ്ടായിരുന്നു. ഇന്നത്തെ സജീവവും നൂതനവുമായ പഠനശാഖയായ ക്ലോണിങ്ങിനെ കുറിച്ച് എന്.എസ്. അരുണ്‍കുമാര് രചിച്ച ഗ്രന്ഥമാണ് `ക്ലോണിങ്; ഡോളിയില് നിന്നും മനുഷ്യനിലെത്തുമ്പോള്'. വിജ്ഞാനലോകത്തിലേക്ക് സമസ്‌തവാതായനങ്ങളും തുറന്നിട്ട മലയാളിയുടെ വിജ്ഞാനതൃഷ്‌ണയെ തൃപ്‌തിപ്പെടുത്തുന്നതിനൊപ്പം ലോക ശാസ്‌ത്രക്കുതിപ്പിന്റെ സൂക്ഷ്‌മതയെ മലയാളവായനക്കാരിലെത്തിക്കാനും ഗ്രന്ഥകര്‍ത്താവിനു കഴിയുന്നു.
വിവിധരാജ്യങ്ങളിലെ ക്ലോണിങ് നിയമങ്ങള്, ക്ലോണിങ് ഗവേഷണ വര്‍ഷാനുപാത ചരിത്രസംഭവങ്ങള്, ക്ലോണിങ് ശബ്‌ദാവലി എന്നീ അനുബന്ധങ്ങള് ഗ്രന്ഥത്തിന്റെ ഉപയുക്തത വര്‍ദ്ധിപ്പിക്കുന്നു. ശാസ്‌ത്രീയനേട്ടങ്ങളുടെ സ്വീകാര്യഅസ്വീകാര്യതകളെ തുല്യപ്രാധാന്യത്തോടെയാണ് ഗ്രന്ഥത്തില് ചര്‍ച്ചചെയ്‌തിരിക്കുന്നത്. വിശകലനങ്ങളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്ന രേഖാചിത്രങ്ങള് വായനയെ എളുപ്പമാക്കുന്നു. ഈ വിഷയത്തെ സംബന്ധിച്ച അധികവായനയ്‌ക്കു ചേര്‍ത്തിരിക്കുന്ന കുറിപ്പുകള്, ഗ്രന്ഥസൂചി, പുത്സകത്തില് പരാമര്‍ശിതമായ പദങ്ങളുടെ പദസൂചി (മലയാളത്തിലും ഇംഗ്ലീഷിലും) എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ്. അധികവായനയ്‌ക്ക് ഉതകുന്ന വെബ്‌സെറ്റുകള് പരാമര്‍ശത്തില് നിന്നും ഒഴിവാക്കിയിട്ടില്ല.
(വിദ്യാരംഗം ജനുവരി 20
ക്ലോണിങ് എന്ന വിശാലമായ ശാസ്‌ത്രത്തെക്കുറിച്ച്, അതിന്റെ വികാസപരിണാമങ്ങളെക്കുറിച്ച്, അതുസംബന്ധിച്ച ഗവേഷണങ്ങളെക്കുറിച്ച്, ആ ഗവേഷണത്തിലെ സാങ്കേതിക സംജ്ഞകളെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥം അടുത്തകാലംവരെയും മലയാളത്തിലുണ്ടായിരുന്നില്ല. എന്നലിപ്പോള് ക്ലോണിങ്: ഡോളിയില് നിന്ന് മനുഷ്യനിലെത്തുമ്പോള് എന്ന പുസ്‌തകത്തിലൂടെ ഡി.സിബുക്‌സ് ആ കുറവു പരിഹരിച്ചിരിക്കുന്നു. മലയാളത്തിലെ നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെ ശാസ്‌ത്രകുതുകികള്‍ക് പരിചിതനായ ശാസ്‌ത്രലേഖകന് എന്.എസ്.അരുണ്‍കുമാറാണ് ഗ്രന്ഥകാരന്. ഒരു വലിയ അന്വേഷണത്തിന്റെ സാഫല്യമാണ് ഈ ഗ്രന്ഥം എന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ പറയാം. എന്നാല് അതുകൊണ്ടവസാനിക്കുന്നില്ല അതിന്റെ സവിശേഷത. ക്ലോണിങ്ങിന്റെ ചരിത്രപശ്ചാത്തലമവതരിപ്പിച്ചുകൊണ്ടു തുടങ്ങുന്ന പുസ്‌തകം അതിന്റെ അടിസ്ഥാനശാസ്‌ത്രത്തിലൂടെ പുരോഗമിച്ച് ആദ്യകാല ഗവേഷണശ്രമങ്ങളിലെത്തുന്നു. അനുബന്ധമായികൊടുത്തിട്ടുള്ള ക്ലോണിങ് സംബന്ധമായി വിവിധരാജ്യങ്ങളില് നിലവിലുള്ള നിയമാവലികളും ക്ലോണിങ് ഗവേഷണത്തിന്റെ വര്‍ഷാനുചരിതവും ക്ലോണിങ് പദാവലിയും വിലപ്പെട്ട രേഖകളാണ്. ഇതുകൂടാതെ, വിശദമായ ഒരു പദസൂചിയും ഗ്രന്ഥകര്‍ത്താവ് നല്കുന്നുണ്ട്. ചുരുക്കത്തില്, ക്ലോണിങിനെ സംബന്ധിച്ച ഒരു എന്‍സൈക്ലോപീഡിയയാണ് അരുണ്‍കുമാറിന്റെ ഈ പുസ്‌തകം എന്ന് നിസ്സംശയം പറയാം.
(കറന്റ് ബുക്‌സ് ബുള്ളറ്റിന്, ഒക്‌ടോബര് 2008)
Online Shop: http://www.dcbookshop.net/php/booksByLanguage.php?lid=2