Saturday, February 5, 2011

BOOK ON GENETICALLY MODIFIED FOOD

                                                                                  
Title          : Jenithaka Bhakshanam:
                    Aasankakalum Pratheekshakalum
Author      : N. S. Arun Kumar
Pages        : 138
Publisher  : DC Books
ISBN        : 978-81-264-2914-1
Price         : 80/-

Contents of the Book:

Chapters:
ജനിതകമാറ്റം: ചരിത്രവും ശാസ്ത്രവും ജനിതകവിളകളുടെ കാര്‍ഷികനേട്ടങ്ങള്
ജനിതകഭക്ഷണം തീന്‍മേശയിലെത്തുമ്പോള്
ജനിതകവിളകളും പരിസ്ഥിതിയും
ജനിതകഉത്പന്നങ്ങളുടെ നിയമനിയന്ത്രണം
ജനിതകഗവേഷണം: ഭാവിവാഗ്ദാനങ്ങള്
Appendix 1: ഗവേഷണസ്ഥാപനങ്ങള്
Appendix 2: ചുരുക്കെഴുത്തുകള്
Appendix 3: സാങ്കേതിക പദാവലി
Bibliography


From the Foreword by the Author:

ലോകത്തിലെവിടെനിന്നും എതിര്‍പ്പു നേരിടുന്നവയാണ് ജനിതകവിളകള്---അതുപോലെ ഇന്ത്യയിലും. ജനിതകവ്യതിയാനം വരുത്തിയ ഭക്ഷണമെന്നാല്, ഭക്ഷണത്തില് വിഷംകലര്‍ത്തുന്നതിനു സമാനമാണെന്നാണ് പ്രചാരണങ്ങള് നമ്മെ പഠിപ്പിക്കുന്നത്. വിദര്‍ഭയിലെ കര്ഷക ആത്മഹത്യകളുടെ ദുരന്തപാഠംകൂടിയാവുമ്പോള് ഇന്ത്യക്കാരില് ഈ എതിര്‍പ്പ് കൂടുതല് ശക്തമാവുന്നു.

'ബി ടി വഴുതന'യാണ് അവസാനമായി പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിയത്.
ജനിതകവിളകളിലൂടെയുള്ള ആരോഗ്യപ്രശ്നങ്ങളെ സംബന്ധിക്കുന്ന സജീവചര്‍ച്ചകള്‍ക്ക് അതു വേദിയൊരുക്കി. ദേശീയതലത്തില്‍പ്പോലും ഏറെക്കാലം മാധ്യമവിചാരങ്ങള് അതേക്കുറിച്ചായിരുന്നു. ജനിതകവിളകളുടെ മുന്‍കാല ചരിത്രം പാരിസ്ഥിതിക പ്രത്യാഘാതങ്ങളുടെ സാധ്യതയും അനാവരണംചെയ്തു. ആശങ്കകളുടെ ഇത്തരം തിരയിളക്കങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായത് ജനിതകവിളകള്‍ക്കുമേല് 'മോറട്ടോറിയം' പ്രഖ്യാപിക്കപ്പെട്ടതോടെയാണ്. ജനിതകവ്യതിയാനം വരുത്തിയ ഭക്ഷണത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള സമഗ്രമായ പഠനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും അവസരമൊരുക്കാനുള്ളതാണ് നിശ്ചിത സമയത്തേക്കു മാത്രമുള്ള ഈ വിലക്ക്.

അതേസമയം, നമ്മുടെ അയല്‍രാജ്യമായ ചൈന ജനിതക നെല്‍വിത്ത് കൃഷിചെയ്യാനും അനുമതി നല്കിക്കഴിഞ്ഞു. നാളികേരത്തിന് ജനിതക വ്യതികരണം വരുത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോവുകയാണ് ഫിലിപ്പീന്‍സ്. ദശാബ്ദങ്ങളായി അന്തര്‍ദേശീയ വിപണിയില് 'ലോറിക് ആസിഡ്' എന്ന വ്യാവസായികോത്പന്നത്തിന്റെ അസംസ്കൃത സ്രോതസ്സായിരുന്നത് നമ്മുടെ നാളികേരമായിരുന്നു. എന്നാല്, ജനിതകവ്യതികരണം വരുത്തിയ 'കനോല ഓയിലാ'ണ് ഇപ്പോള് അതിന്റെ സ്രോതസ്സ്. ചുരുക്കത്തില്, കാര്‍ഷികാധിഷ്ഠിത സമ്പദ്ഘടനയുള്ള ഇന്ത്യ, മോറട്ടോറിയത്തിന്റെ മറക്കുടയും ചൂടി മറഞ്ഞിരിക്കുന്നത് ആത്മഹത്യാപരമാവും എന്നാണ് സാഹചര്യങ്ങളുടെ സൂചന. ഈ വേളയില്, വ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന ജനിതകവിളകളെ സംബന്ധിച്ച യഥാര്‍ത്ഥ ചിത്രം വെളിപ്പെടുത്തുക എന്നതാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം. അതോടൊപ്പം ആശങ്കകളുടെ അടിസ്ഥാനകാരണങ്ങള് വിശകലനംചെയ്യാനുള്ള ശ്രമവും.


From the Preface written Dr. Babu Joseph:

ഒട്ടേറെ പൊതുജനശ്രദ്ധ നേടിയിട്ടുള്ള ഒരു സുപ്രധാന വിഷയമാണ് ജനിതകവിളകള്. ഈ സമകാലികപ്രശ്നത്തിന്റെ നാനാവശങ്ങളെ സ്പര്‍ശിക്കുന്ന ഒരു ഉത്തമ ശാസ്ത്രസാഹിത്യകൃതിയാണ് 'ജനിതകഭക്ഷണം: ആശങ്കകളും പ്രതീക്ഷകളും'. കണക്കില്ലാതെ പെരുകിക്കൊണ്ടിരിക്കുന്ന ലോകജനതയെ ഊട്ടാന് ഉയര്‍ന്ന വിളവുതരുന്ന ധാന്യവിത്തുകള് കൂടിയേതീരൂ. ജനിതകവിളകള്‍ക്ക് പോഷണമായും ഔഷധമായും മറ്റുമുള്ള ഉപയോഗങ്ങളുണ്ട്. വന്‍തോതില് ഇവ കൃഷിചെയ്യാനുള്ള നടപടികള് ചൈന എടുത്തിരിക്കുന്നു. ജനിതകവിളകളെപ്പറ്റി വിശദമായ പഠനത്തിനുശേഷം ഒരു തീരുമാനമെടുക്കുന്നതല്ലേ നല്ലത്? ബി ടി വഴുതനയുടെ കാര്യത്തില് ഭാരതസര്‍ക്കാര് കരുതലോടെ നീങ്ങുന്നുവെന്നു പറയാം.

വ്യതികരണ(Genetic Modification)മെന്ന സാങ്കേതികവിദ്യയിലൂടെ പുതിയ ജൈവയിനങ്ങളെ ഉത്പാദിപ്പിക്കുന്നതിന്റെ ശാസ്ത്രവും തന്ത്രവും ഋജുവും ലളിതവുമായ ഭാഷയില് അരുണ്‍കുമാര് വിവരിക്കുന്നു; ഡി.എന്.എ.യുടെ ഘടന തൊട്ട് ജീനുകളെ എങ്ങനെ മാറ്റിയെടുക്കാമെന്നുവരെയുള്ള കാര്യങ്ങള് പ്രതിപാദിച്ചിട്ടുണ്ട്. വിവിധ കളനാശിനികളാല് നശിപ്പിക്കപ്പെടാത്തതരത്തിലുള്ള സസ്യങ്ങളെ ജീന്‍വ്യതികരണത്തിലൂടെ ഉത്പാദിപ്പിച്ചതിന്റെയും കഥ. കീടങ്ങളെ പ്രതിരോധിക്കാന് ശക്തിയുള്ള വിഷപ്രോട്ടീനുകള് ഉത്പാദിപ്പിക്കുന്ന ജീനുകളെ ബാക്ടീരിയയില്‍നിന്നെടുത്ത് സസ്യജീനോമുകളില് പ്രതിഷ്ഠിക്കുന്ന സങ്കേതത്തെപ്പറ്റിയും പരാമര്‍ശമുണ്ട്. ബി ടി എന്നീ അക്ഷരങ്ങള് ഇത്തരമൊരു ജീനിന്റെ സ്രോതസ്സായ ബാസിലസ് തുറിന്‍ജിയെന്‍സിസ് എന്ന ബാക്ടീരിയത്തെ സൂചിപ്പിക്കുന്നു. ഈ കീടപ്രതിരോധിനിയെയാണ് ബി ടി പരുത്തിയിലും ബി ടി വഴുതനയിലുമൊക്കെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഭക്ഷണത്തിലൂടെ ശരീരത്തിനുള്ളില് കടക്കുന്ന ഡി.എന്.എ. നിരുപദ്രവിയാണെന്നാണു വയ്പ്. എന്നാല്, അത് ഒരുതരത്തിലും മനുഷ്യന്റെ ജനിതകവ്യവസ്ഥയെ ആക്രമിക്കുകയില്ലെന്നതിന് ഉറപ്പില്ലതാനും. ജനിതകവ്യതികരണത്തിലൂടെയോ അല്ലാതെയോ ശരീരത്തില് പ്രവേശിക്കുന്ന ഏതൊരു പുതിയ പ്രോട്ടീനും അലര്‍ജിക്ക് കാരണമായ അലെര്‍ജനാണെന്ന് ലോകാരോഗ്യസംഘടന പറഞ്ഞിട്ടുള്ളത് അര്‍ത്ഥഗര്‍ഭമാണ്. ബി ടി വഴുതനയുടെ ഗുണദോഷങ്ങളെപ്പറ്റി നിഷ്കൃഷ്ടപഠനം നടക്കാനിരിക്കുന്നതേയുള്ളൂ. അത് ഇവിടെ തല്‍ക്കാലം കൃഷിചെയ്യേണ്ടെന്നു നിശ്ചയിച്ചതു നന്നായി. എലികളെ ഉപയോഗിച്ചാണ് മിക്ക പരീക്ഷണപഠനങ്ങളും നടത്തുന്നത്. അവയുടെ പ്രതികരണങ്ങളെ വിലയിരുത്തി പുതിയ ഉത്പന്നങ്ങളുടെ ഗുണവും പ്രയോജനവും നിര്‍ണ്ണയിക്കുന്നു. ഏതു ഗവേഷണത്തിന്റെയും അന്തിമഘട്ടത്തില് ഉത്പന്നവും മനുഷ്യനുമായുള്ള പാരസ്പര്യം മനസ്സിലാക്കേണ്ടതുണ്ട്. വോളണ്ടിയര്‍മാരുടെ സഹകരണത്തിലൂടെയേ ഇത് സാധ്യമാവൂ.

നാനാദിശകളില് പുരോഗമിക്കുന്ന ജനിതകവിളഗവേഷണത്തിന്റെ ഒരു നഖചിത്രം ഗന്ഥകാരന് കോറിയിടുന്നു. ആഹാരപദാര്‍ത്ഥങ്ങളുടെ സ്വാദും പോഷകഗുണങ്ങളുംമറ്റും ജീന്‍മാറ്റത്തിലൂടെ മെച്ചപ്പെടുത്താനുള്ള ഉദ്യമം നടക്കുന്നുണ്ട്. ഭക്ഷണരൂപത്തില് കഴിക്കാവുന്ന ഔഷധങ്ങള്, വാക്സിനുകള് ഇവയെക്കൂടാതെ, അലെര്‍ജനുകള്, നീക്കംചെയ്യപ്പെട്ട ബയോഇന്ധനങ്ങള്, ബയോ പോളിമറുകള് തുടങ്ങിയവയും വികസനത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിലാണ്. ജനിതകവിളകള് കൃഷിചെയ്യുന്നതിന് നിയമാനുമതി ആവശ്യമാണ്. ഉരുളക്കിഴങ്ങ്, കനോല, ചോളം, പരുത്തി, തക്കാളി തുടങ്ങിയവ കൃഷിചെയ്യാന് യൂറോപ്യന് യൂണിയനില് അനുവാദമുണ്ട്. 'ജനിതകകൃഷി'യുടെ നേര്‍ക്ക് അവിടത്തേക്കാള് കുറെക്കൂടി അനുഭാവപൂര്‍വമായ സമീപനമാണ് അമേരിക്കയുടേത്. ചൈന, ഫിലിപ്പീന്‍സ് തുടങ്ങിയ ഏഷ്യന്‍രാജ്യങ്ങളും ഇതിനെ സ്വാഗതംചെയ്യുന്നു. എന്നാല് ഇന്ത്യയിലെ പൊതുജനാഭിപ്രായം ജനിതകവ്യതികരണത്തിനെതിരാണ്. ബി ടി വഴുതനയ്ക്കെതിരെ ഈയിടെ ആരംഭിച്ച ജനരോഷം രാഷ്ട്രീയവിവരക്കേടിന്റെ ഫലമാണെന്ന് ശാസ്ത്രജ്ഞ•ാരില് ഒരു നല്ല വിഭാഗം വിശ്വസിക്കുന്നു.

കഴിഞ്ഞ 15 വര്‍ഷമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില് ജനിതകവിളകള് സമര്‍ത്ഥമായി കൃഷിചെയ്യുകയും, ജനങ്ങള് അവ ഭക്ഷിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അസാധാരണമായ ആരോഗ്യപ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ടുചെയ്തിട്ടില്ലത്രേ. ക്രമേണ, ജനത്തിന് സത്യം ബോധ്യമാകുമായിരിക്കും.
ഒരു കഥപോലെ, ആയാസരഹിതമായി വായിച്ചുതീര്‍ക്കാവുന്ന ഈ കൃതിയുടെ കാലികത ശ്രദ്ധേയമാണ്. ഇതിനു മുമ്പ് ക്ളോണിങ്ങിനെപ്പറ്റി വിജ്ഞാനപ്രദമായ ഒരു പുസ്തകം രചിച്ച ഗ്രന്ഥകര്‍ത്താവ് ഏറ്റവും ആധുനികമായ പ്രമേയങ്ങളെത്തന്നെ രചനയ്ക്കായി തിരഞ്ഞെടുക്കുന്നുവെന്നത് പ്രശംസനീയമാണ്. ദരിദ്രമായ മലയാളശാസ്ത്രസാഹിത്യശാഖയ്ക്ക് ശ്ളാഘനീയമായ ഒരു സംഭാവനയായി വായനക്കാര് ഇതിനെ സ്വീകരിക്കുമെന്ന ശുഭപ്രതീക്ഷയില് ചുരുക്കുന്നു.

From the review Published in VIDYARANGAM Magazine May 2011

ജനിതകഭക്ഷണം- ആശങ്കകളും പ്രതീക്ഷകളും എന്ന എന്‍.എസ്.അരുണ്‍കുമാറിന്റെ പുസ്തകം ഈ വിഷയത്തില്‍ നമുക്കു ലഭിക്കുന്ന ഏറ്റവും വലിയ വിജ്ഞാനശേഖരമാണ്.  വളരെ ചെറിയ വാചകങ്ങളില്‍ എളുപ്പത്തില്‍ ആസ്വാദ്യമാവും വിധമാണ് പുസ്തകം രചിച്ചിരിക്കുന്നത്.  സാങ്കേതിക പദങ്ങളെയും ഗവേഷണ സ്ഥാപനങ്ങളെയും സംഘടനകളെയും പറ്റിയുള്ള വിവരണം അനുബന്ധമായി നല്‍കിയിട്ടുണ്ട്.  ജനിതകഭക്ഷണം സംബന്ധിച്ച ഗുണദോഷങ്ങള്‍ സവിശേഷമായിത്തന്നെ ചുരുങ്ങിയ പേജുകളിലൊതുങ്ങുംവിധം അവതരിപ്പിച്ചിരിക്കുന്നു. ഇന്ത്യയില്‍ ഏറെ വിവാദങ്ങള്‍ക്കു വഴിതെളിച്ച  ബി.ടി.പരുത്തിയെപ്പറ്റിയും പ്രത്യേകം പരാമര്‍ശമുണ്ട്.  സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മത്സരപരീക്ഷകള്‍ക്കു വേണ്ടി തയ്യാറെടുക്കുന്നവര്‍ക്കും ഏറെ ഉപകാരപ്രദമാണ് ഈ പുസ്തകം.  ഡി.സി. ബുക്സാണ് പ്രസാധകര്‍. 

From the review Published in Samakalika MALAYALAM Weekly, May 2011:

ജനിതക ഭക്ഷണവും വിളകളും തന്നേക്കാവുന്ന ആശങ്കകളിലൂടെയും പ്രതീക്ഷകളിലൂടെയുമാണ് അരുണ്‍കുമാര്‍ തന്റെ പുതിയ പുസ്തകത്തെ അവതരിപ്പിക്കുന്നത്.  ജനിതക ഭക്ഷണത്തെ നിയന്ത്രിക്കുന്നതിനും അവയുടെ ശരിയായ നര്‍മ്മാണത്തിനും നിരവധി നിയമങ്ങള്‍ വിവിധ  രാജ്യങ്ങളിലായി ഉണ്ടാക്കപ്പെട്ടിട്ടുണ്ട്. ജനിതക ഭക്ഷണം ഭാവി വാഗ്ദാനങ്ങള്‍ എന്ന അവസാന അദ്ധ്യായത്തില്‍ ലേഖകന്‍ നിരവധി പ്രത്യാശകള്‍ നിരത്തുന്നുണ്ട്, ഭക്ഷണത്തിലെ മേന് വര്‍ദ്ധിപ്പിക്കുന്നതിനും,  ഔഷധമായി ഭക്ഷണം നല്‍കുന്ന കാലത്തെക്കുറിച്ചും. വാക്സിനുകള്‍, ആന്റിബോഡികള്‍ തുടങ്ങിവയെല്ലാം ഭക്ഷണമാവുന്ന ഒരു ഭാവി ഇടത്തെക്കുറിച്ചും ലേഖകന് പ്രതീക്ഷയുണ്ട്. വിശദമായ ഒരു പാഠ്യ പദ്ധതിയുടെ പുസ്തകം എന്ന നിലയ്ക്കുള്ള റഫറന്‍സ് അടക്കം എല്ലാ ചേരുവകളും ഈ പുസ്തകത്തില്‍ നമുക്ക് കാണാം എന്നത് അഭിനന്ദാര്‍ഹമാണ്.


An excerpt from the review Published in YOJANA Magazine February 2011:

ജനിതകവിത്തുകളെക്കുറിച്ചും അവയിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ജനിതകഭക്ഷ്യവിളകളെക്കുറിച്ചും വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്ന സമയമാണിത്. ആരോഗ്യത്തിനും പരിസ്ഥിതിക്കും അവ ഭീഷണിയാണോ എന്നതാണ് മുഖ്യപ്രശ്നം. ജനിതകവ്യതികരണം വരുത്തിയ ഭക്ഷ്യവിളകള്‍ വിപണിയിലെത്തിക്കുന്നതിന് കേന്ദ്രഗവണ്‍മെന്റ് മോറട്ടോറിയം ഏര്‍പ്പെടുത്തിയിരിക്കയാണ്. വിദര്‍ഭയിലെ കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണമായത് ബിടി പരുത്തിയുടെ കൃഷിയാണെന്ന് ചൂണ്ടിക്കാട്ടി. പരിസ്ഥിതിവാദികള്‍ അതേസങ്കേതം ഉപയോഗിക്കുന്ന മറ്റ് ജനിതകവിളകളെയും എതിര്‍ത്തുകൊണ്ടിരിക്കുകയാണ്. ദോഷരഹിതമായ ജനിതകവ്യതികരണസങ്കേതങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ടവയും പക്ഷേ ഈ പ്രതിഷേധക്കൊടുങ്കാറ്റില്‍ പെട്ടുപോകുന്നു. ജനിതകഗവേഷണരംഗത്തെ ആധുനികസാധ്യതകള്‍ കൂടി കണക്കിലെടുത്തുകൊണ്ട് ജനിതകവിളകളേയും വിത്തുകളേയും കുറിച്ചുള്ള ആഴത്തിലുള്ള അപഗ്രഥനം നടത്തുന്ന ചര്‍ച്ചകള്‍ പ്രസക്തമാവുന്നത് അതുകൊണ്ടാണ്. ഇക്കാര്യത്തില്‍ ഏറ്റവും ആധികാരികമായ വിവരങ്ങള്‍ നല്‍കാന്‍ പര്യാപ്തമായ ഒരു പുസ്തകം അടുത്തകാലത്ത് പുറത്തിറങ്ങുകയുണ്ടായി. അതാണ് എന്‍. എസ്. അരുണ്‍കുമാര്‍ രചിച്ച "ജനിതകഭക്ഷണം: ആശങ്കകളും പ്രതീക്ഷകളും''.
--ജെറാള്‍ഡ് മാര്‍ട്ടിന്‍: കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ബയോടെക്നോളജി വിഭാഗത്തില്‍ ശാസ്ത്രജ്ഞനാണ് ലേഖകന്‍

From the Review published in Deshabhimani Weekly, February 2011:

ബി ടി പരുത്തിയുടെ അനുഭവപാഠങ്ങളും ബി ടി വഴുതിനക്കെതിരായ പ്രതിഷേധത്തെതുടര്‍ന്നുള്ള മൊറട്ടോറിയവും ഇന്ത്യയിലും ബി ടി വിളകളെക്കുറിച്ചും ജനിതകഭക്ഷണത്തെക്കുറിച്ചുമുള്ള ചര്‍ച്ച സജീവമാക്കുമ്പോള്‍ ഈ വിഷയങ്ങളിലെ ഗുണദോഷങ്ങള്‍ ശാസ്ത്രീയ കാഴ്ചപ്പാടില്‍ ചര്‍ച്ച ചെയ്യുകയാണ് എന്‍ എസ് അരുണ്‍കുമാറിന്റെ 'ജനിതകഭക്ഷണം ആശങ്കകളും പ്രതീക്ഷകളും' എന്ന പുസ്തകം.

ജനിതക സാങ്കേതിക വിദ്യ സ്വകാര്യകുത്തകകളെ ഏല്‍പിക്കാതെ സര്‍ക്കാര്‍ ലാബുകളില്‍ നടത്തുകയും ബൌദ്ധികസ്വത്തവകാശങ്ങളില്‍ തദ്ദേശീയ സര്‍ക്കാരുകള്‍ക്ക് നിയന്ത്രണമുണ്ടാവുകയും ചെയ്താലേ ഈ വിളകള്‍കൊണ്ട് കര്‍ഷകര്‍ക്കും പൊതുസമൂഹത്തിനും ഗുണമുണ്ടാകൂ എന്നും പുസ്തകം വ്യക്തമാക്കുന്നു. അല്ലെങ്കില്‍ അന്തക ജീന്‍ പോലുള്ള ജീനുകള്‍ ബി ടി വിളകളില്‍ സന്നിവേശിപ്പിച്ച് അമിതലാഭം കൊയ്യുന്ന ബഹുരാഷ്ട്ര കുത്തകകളുടെ ലാഭക്കൊതിക്ക് കര്‍ഷകര്‍ പല രാജ്യങ്ങളിലും ഇരയായതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാമെന്നും പുസ്തകം ചൂണ്ടിക്കാട്ടുന്നു.
- ടി ആര്‍ അനില്‍കുമാര്‍



For Online Purchase: http://www.dcbookshop.net/books/janithakabhakshanam